കണ്ണൂർ: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. കുട്ടിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്. സംസാരശേഷിയില്ലാത്ത കുട്ടിയിയായതിനാൽ അപകടം നടന്നത് ആരുമറിഞ്ഞില്ല. തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായപ്പോൾ ഉറക്കെ നിലവിളിക്കാൻ പോലും കുട്ടിക്ക് സാധിച്ചിരുന്നില്ല. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയിൽ നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും, ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് നിഹാൽ മരണപ്പെട്ടതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ കുട്ടിക്ക് നിലവിളിക്കാൻ പോലുമായിട്ടില്ലെന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അടുത്ത വീട്ടിൽ കളിക്കുകയാണെന്ന് വീട്ടുകാർ ആദ്യം കരുതി. എന്നാൽ, സമയം അതിക്രമിച്ചിട്ടും തിരിച്ച് വരാതെ ആയതോടെയാണ് കുട്ടിയെ അന്വേഷിച്ചിറങ്ങിയത്. ഇതോടെയാണ് കാണാതായതായി ബന്ധുക്കളും നാട്ടുകാരും തിരിച്ചറിയുന്നത്. വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കുട്ടിയെ ചോരവാർന്ന നിലയിൽ കണ്ടെത്തിയത്. മുഖത്തും വയറിനും എല്ലാം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ഇന്നു വിവിധ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments