കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാര്‍ ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയെ പ്രതി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
ചുണ്ടിന് മുറിവുള്ള തൊപ്പി വച്ച ആളാണ് അക്രമിച്ചതെന്ന ഓമനയുടെ മൊഴിയാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. മടത്തറയിൽ വച്ചാണ് അന്വേഷണ സംഘം ശ്യാം കുമാറിനെ പിടികൂടിയത്. സ്വര്‍ണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയത്തിന് വച്ചിരിക്കുകയാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ശ്യാം കുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ഇടിപ്പെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments