Latest NewsKeralaNews

കാമുകിയെ വിളിച്ചുവരുത്തി വാക്കത്തികൊണ്ട് തലക്ക് വെട്ടി; ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ, ഞെട്ടൽ

തിരുവനന്തപുരം: കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി കാമുകൻ. കന്യാകുമാരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാക്കേറ്റത്തിനിടയിലാണ് ആക്രമണം നടന്നത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളായ ഡാൻ നിഷയെന്ന 23 കാരിയെ മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബർജിൻ ജോഷ്വ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവാവ് അടുത്ത റെയിൽപാളത്തിലെത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

മാർത്താണ്ഡത്തിന് സമീപത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ബർജിനുമായി നിഷ അടുപ്പത്തിൽ ആയിരുന്നു. എന്നാൽ, രണ്ട് മാസം മുമ്പ് നിഷ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. തുടർന്ന് പെൺകുട്ടി യുവാവിനോട് സംസാരിക്കാതെയും ആയി. തന്നെ അവഗണിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ പല വഴിക്കും ബർജിൻ, നിഷയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തിയത്. മാർത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കിൽ കയറി സമീപമുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ ബർജിൻ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് നിഷയെ വെട്ടുകയായിരുന്നു.

കാമുകിയെ കൊലപ്പെടുത്തണം എന്നത് തന്നെയായിരുന്നു യുവാവിന്റെ ഉദ്ദേശം. ഇതിനായിട്ടാണ് വെട്ടുകത്തിയെടുത്ത് ബാഗിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ നിഷയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു. സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ ബർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കുപറ്റിയ നിഷ ആശുപത്രിയിലെ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button