KeralaLatest NewsNews

‘ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഞങ്ങൾ’: കൂട്ടുകാരി ഹഫീഫ വീട്ടുകാരുടെ തടവിൽ, പരാതിയുമായി പങ്കാളി സുമയ്യ ഷെറിൻ

മലപ്പുറം: തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളാണ് സുമയ്യ ഷെറിനും ഹഫീഫയും. എന്നാൽ, പങ്കാളി ഹഫീഫയെ അവളുടെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയി തടങ്കലിൽ വെച്ചിരിക്കുകയാണ് എന്നാണ് യുവതി ആരോപിക്കുന്നത്.

വീട്ടുകാർ തന്റെയടുത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പങ്കാളിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുകയാണ് സുമയ്യ. പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു. ഇത് പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഇവർ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരുന്നു.

എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി. തങ്ങൾ പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ഇരുവരും പോലീസിനെ അറിയിച്ചു. പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു പിന്നീട് ഇരുവരും. എന്നാൽ, മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.

ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഹഫീഫ കോഴിക്കോട് ആയതിനാൽ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബത്തിനായി അഭിഭാഷകൻ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കൂടുതൽ ദിവസം വീട്ടിൽ നിർത്തിയാൽ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button