മലപ്പുറം: മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളിൽ ഒരാളായ അഫീഫയെ അവളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി സുമയ്യ ഷെറിൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആണിന്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു, പക്ഷേ പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്നമെന്ന് പറഞ്ഞാണ് അവളുടെ വീട്ടുകാർ അഫീഫയെ പിടിച്ചുവലിച്ചുകൊണ്ട് പോയതെന്ന് സുമയ്യ പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമയ്യ.
ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിച്ചതിന്റെ പേരിൽ രക്ഷിതാക്കളാൽ വേർപിരിക്കപ്പെടുന്ന അവസ്ഥയിലാണ് സുമയ്യയും അഫീഫയും. നിയമപരമായി കോടതി വിധി ഉണ്ടായിട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ പാതിവഴിയിൽ നിൽക്കുകയാണ് സുമയ്യ. അഫീഫ നിലയിൽ അവളുടെ ബന്ധുക്കളുടെ വീട്ടുതടങ്കലിലാണ്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് പോകണമെന്നോ മാതാപിതാക്കളുമായി ഫോൺ വഴിയെങ്കിലും ബന്ധപ്പെടണമെന്നോ അഫീഫ പറഞ്ഞിരുന്നില്ലെന്ന് സുമയ്യ പറയുന്നു.
അഫീഫയുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് സുമയ്യ പറയുന്നു. അഫീഫയുടെ ബന്ധുക്കൾ എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്ന് ആരോപിച്ച അഫീഫ, അവളുടെ ബന്ധുക്കൾ തന്നെ ആക്രമിക്കാനും ശ്രമിച്ചതായി ചൂണ്ടിക്കാട്ടി. ഒരുമിച്ചുണ്ടായിരുന്ന നാല് മാസം തങ്ങൾക്ക് അധികം പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിരുന്നില്ലെന്ന് സുമയ്യ പറയുന്നു. വീട് കിട്ടാനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. തന്റെ വീട്ടിലും പ്രശ്നമാണെങ്കിലും, അവർ ഇതുവരെ ആക്രമാസക്തരായിട്ടില്ലെന്ന് സുമയ്യ പറയുന്നു.
‘കുറച്ച് കാലം കഴിയുമ്പോൾ ഇത് എല്ലാം ശരിയാകും എന്ന പ്രതീക്ഷ ഉണ്ട്. ഇത് മതത്തിന്റെ ഭ്രാന്താണ്. അവളുടെ വീട്ടുകാർക്കായാലും. അത് നോക്കിയിട്ടാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അവളുടെ വീട്ടുകാർ പറഞ്ഞത്, ഒരു ആണിന്റെ കൂടെ പോയാലും പ്രശ്നമില്ലായിരുന്നു. നീയൊരു പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്നമായത്. തൗബ ചെയ്‌താൽ നിനക്കിനി വീട്ടിൽ കയറാം. എന്റെ കുടുംബത്തിൽ ഇതുവരെ അങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല’, സുമയ്യ പറയുന്നു.
Leave a Comment