Latest NewsNewsIndia

‘മനുസ്‌മൃതി വായിക്കൂ, പെൺകുട്ടികൾ 17 വയസ്സിൽ പ്രസവിക്കുന്ന കാലമുണ്ടായിരുന്നു’; ഗർഭഛിദ്ര ഹർജിയിൽ ഹൈക്കോടതിയുടെ പരാമർശം

അഹമ്മദാബാദ്: പണ്ടുകാലത്ത് പെൺകുട്ടികൾ 14 – 15 വയസിൽ തന്നെ വിവാഹം കഴിക്കുകയും 17 വയസിന് മുൻപായി ഗർഭം ധരിക്കുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. ഏഴ് മാസത്തെ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി ബലാത്സംഗത്തെ അതിജീവിച്ചവളാണ്. ഏഴുമാസം കഴിഞ്ഞപ്പോഴാണ് പെൺകുട്ടിയുടെ അച്ഛൻ ഈ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഭ്രൂണത്തെ വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സമ്മർദ്ദം ചെലുത്തി.

ഇതിന് ജസ്‌റ്റിസ് സമീർ ജെ ദവെ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘പഴയ കാലത്ത്, പെൺകുട്ടികൾ 14-15 വയസ്സിന് മുമ്പ് വിവാഹിതരാകുന്നതും 17 വയസ്സിന് മുമ്പ് ഒരു കുട്ടിയുണ്ടാകുന്നതും സാധാരണയായിരുന്നു. നിങ്ങൾ ഇത് വായിച്ചിട്ടുണ്ടാകില്ല, പക്ഷേ ഇതിനായി മനുസ്‌മൃതി ഒരിക്കലെങ്കിലും വായിക്കുക’, അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും പെൺകുട്ടിയും, ഗർഭസ്ഥ ശിശുവും ആരോഗ്യവാൻമാരാണെങ്കിൽ ഗർഭം അലസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിവിൽ ആശുപത്രിയിലെ ഡോക്‌ടർമാരുടെ പാനൽ മുഖേന അടിയന്തരമായി വൈദ്യപരിശോധന നടത്താൻ രാജ്‌കോട്ടിലെ സിവിൽ ഹോസ്‌പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button