
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ചുവടുകൾ ശക്തമാക്കി ഇന്ത്യൻ സേന. ഇതിന്റെ ഭാഗമായി ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ അസമിലെ നരേംഗി മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിലാണ് മിലിട്ടറി സ്റ്റേഷനിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ, നരേംഗി മിലിട്ടറി സ്റ്റേഷൻ ഇനി മുതൽ പുനരുൽപ്പാദിപ്പിക്കുന്ന ഊർജ്ജ സ്രോതസുകളിലാണ് പ്രവർത്തിക്കുക.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു മെഗാവാട്ട് ശേഷിയുള്ള സോളാർ പാനലുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയിൽ ഇത് മൂന്ന് മെഗാവാട്ട് വരെയായി ഉയർത്താനും പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ മിലിട്ടറി സ്റ്റേഷനിലെ താമസക്കാരുടെ ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണ്. പ്രദേശത്ത് കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികൾ നരേംഗി മിലിട്ടറി സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. 3300 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മിലിട്ടറി സ്റ്റേഷനിൽ അസം വനംവകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ കാർബണിന്റെ അളവ് 50 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments