ചെന്നൈ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
ട്രയിനിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.
പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ഷാലിമർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് എതിർദിശയിൽ നിന്നും വരികയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ, പാളത്തിൽ മറിഞ്ഞുകിടക്കുകയായിരുന്ന കോറമണ്ഡൽ എക്‌സ്പ്രസുമായി ഇടിക്കുകയും ചെയ്തു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 കോച്ചുകളാണ് പാളം തെറ്റിയത്. സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികളും പാളം തെറ്റി.
Post Your Comments