സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ആരംഭിക്കും. ഇതോടനുബന്ധിച്ച് കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കേരളത്തിൽ ഇന്ന് 4 ജില്ലകളിലും, നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 6.45 സെന്റീമീറ്റർ മുതൽ 11.5 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, തെക്ക്- പടിഞ്ഞാറൻ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും ദിശ മാറിയിട്ടുണ്ട്. കൂടാതെ, തിങ്കളാഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കുമെന്നും, ഇത് പിന്നീട് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments