ഒരേസമയം മൂന്ന് സ്ത്രീകളെ പ്രേമിച്ച് പറ്റിച്ച യുവാവിനെ ജയിലിടച്ച് പോലീസ്. ചൈനയിലാണ് സംഭവം. കാമുകിമാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഷാങ്ഹായ് സ്വദേശിയായ ഹീ ഷീവേ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ രണ്ടര വർഷം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. മൂന്ന് യുവതികളിൽ നിന്നായി ഒരുലക്ഷം യുവാനാണ് (12 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ തട്ടിയത്.
തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കാമുകിമാർ ഇയാളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കാമുകനെ ജയിലിലാക്കിയ യുവതികൾ ഒരുമിച്ച് ഇത് ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് യാത്ര പോവുകയും ചെയ്‌തു. ഫെബ്രുവരി 10 ന് ഷാങ്ഹായിലെ യാങ്പു ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ആണ് വിചിത്രമായ പരാതി ലഭിക്കുന്നത്.
ഹീ ഷിവേ തങ്ങളെ വഞ്ചിച്ചതായി സ്ത്രീകൾ മൂന്ന് പേരും പരാതിപ്പെട്ടു. ഷിവേ തങ്ങളിൽ നിന്ന് പണം കടം വാങ്ങിയെന്നും എന്നാൽ അത് തിരികെ നൽകിയില്ലെന്നും യുവതികൾ പരാതിപ്പെട്ടു. ഷിവേയിൽ തനിക്ക് സംശയം തോന്നിത്തുടങ്ങിയെന്നും ഇയാൾ മദ്യപിച്ച് ഉറങ്ങിയ സമയം ഇയാളുടെ ഫോൺ പരിശോധിച്ച താൻ ഞെട്ടിപ്പോയെന്നും, തന്നെ കൂടാതെ മറ്റ് രണ്ട് കാമുകിമാർ കൂടി തന്റെ കാമുകന് ഉണ്ടെന്ന് അറിഞ്ഞെന്നും യുവതി പറയുന്നു.
ഒരേസമയം, ഇയാൾ മൂന്ന് പേരുടെയും കാമുകനായിരുന്നു. 2022 ഒക്‌ടോബർ മുതൽ ചെൻ, 2022 ജൂൺ മുതൽ സിയാവോ, 2021 മുതൽ ഷാവോ എന്നിവരുമായിട്ടാണ് ഇയാൾ ഡേറ്റിംഗ് നടത്തിയത്. ഷിവേ 2020ൽ ജോലി ഉപേക്ഷിച്ചുവെന്നും തൊഴിൽരഹിതനായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സ്ത്രീകളിൽ നിന്ന് പണം തട്ടി കടം വീട്ടാൻ ഉപയോഗിച്ചിരുന്നു. തങ്ങളെ വഞ്ചിച്ച യുവാവിനെ കുടുക്കാനുള്ള ആസൂത്രണത്തിനിടെ മൂന്ന് യുവതികളും നല്ല കൂട്ടുകാരായി. യുവാവ് ജയിലിലായത് ആഘോഷിക്കാൻ മൂവരും വിദേശയാത്ര വരെ നടത്തി.
Post Your Comments