Latest NewsKeralaNews

മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യആഴ്ചയിൽ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടർമാരുടെയോ നേതൃത്വത്തിൽ ഇത്തരത്തിൽ യോഗം ചേരണം. അതിൽ ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also: മണിപ്പൂർ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആപതാമിത്ര, സിവിൽ ഡിഫൻസ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവർക്ക് പ്രാദേശികമായി രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവർത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ച് വെക്കണം. ആപതാമിത്ര, സിവിൽ ഡിഫൻസ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്റെ ദൈനംദിന മേൽനോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. അപകടങ്ങൾ ഉണ്ടാവുമ്പോൾ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഇത് ഗുണകരമാവുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിനാവശ്യമായ തുക ദുരന്തപ്രതികരണ നിധിയിൽ നിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപയും കോർപറേഷന് 5 ലക്ഷംരൂപ വരെയും സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും, ഈ വർഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ആവശ്യാനുസരണം അനുവദിക്കും. കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വരൂപിക്കണം. ഉപകരണങ്ങൾ വാങ്ങുന്നുവെങ്കിൽ മഴക്കാല ശേഷം അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ പുനരുപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അതിതീവ്രമഴ ലഭിച്ചാൽ നഗരമേഖകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. ഇവ മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാൻ സാധ്യതയുള്ളവയാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവക്ക് തുടർച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തര മുൻകരുതലുകൾ എടുക്കേണ്ടതുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം ക്യാമ്പയിൻ മോഡിൽ ഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂർത്തീകരിക്കണം. റോഡിൽ പണിനടക്കുന്നയിടങ്ങളിൽ സുരക്ഷാബോർഡുകൾ ഉറപ്പാക്കണം. റോഡിലുള്ള കുഴികൾ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ട സ്ഥലങ്ങളിൽ ആളുകൾക്ക് അപകടം പറ്റാതിരിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാൽനടയാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ഓടകൾ വൃത്തിയാക്കാൻ തുറന്നിടുകയോ, സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. ഇവയുടെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തീകരിച്ച് നടപ്പാതകൾ സുരക്ഷിതമാക്കണം. ക്യാമ്പുകളിൽ ശുചിമുറികൾ, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. ക്യാമ്പുകൾ നടത്താൻ കണ്ടെത്തിയ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രാദേശികസർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ക്യാമ്പിലേക്കുള്ള വഴികൾ ഉൾപ്പെടെ മാർക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രവർത്തനം നടന്നു എന്ന് തദ്ദേശ വകുപ്പ് ജില്ലാജോയിന്റ് ഡയറക്ടർ ഉറപ്പ് വരുത്തുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്‌ലേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button