പെരിന്തൽമണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതി അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) യാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലിപ്പറമ്പ് സ്വദേശിയായ 65കാരനില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പെരിന്തൽമണ്ണ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, എസ്.സി.പിഒമാരായ ഷൗക്കത്ത്, രാകേഷ്, മിഥുൻ, സി.പി.ഒ സൽമാൻ പള്ളിയാൽ തൊടി, സജീർ മുതുകുർശ്ശി, അജിത്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ഷബാനയുടെ പരാതിയിൽ ആലിപ്പറമ്പ് ബിടാത്തി പുലിക്കതടത്തിൽ മുഹമ്മദ് കുട്ടി(65)യെ എതിർകക്ഷിയാക്കി പെരിന്തൽമണ്ണ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച്17ന് രാത്രി 10.45 വീട്ടിൽ അതിക്രമിച്ച് കയറി ശരീരത്തിൽ പിടിച്ചുവെന്നാണ് പരാതി.
Post Your Comments