സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ ലഭിക്കാൻ ഇനി മുതൽ സ്കൂൾ യൂണിഫോം മതി. അതിനാൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡിന്റെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പാലക്കാട് നടന്ന സ്റ്റുഡന്റ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ആർടിഒ അറിയിച്ചത്. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി ഓരോ വിദ്യാർത്ഥികൾക്കും പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാവുന്നതാണ്.
ഇത്തവണ കെഎസ്ആർടിസി ബസുകളിലും കൺസഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, തിരിച്ചുമുള്ള യാത്രക്ക് മാത്രമാണ് കൺസഷൻ അനുവദിക്കുക. നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗിക യാത്ര അനുവദിക്കുകയില്ല. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് കൺസഷൻ സ്വീകരിക്കുക. കൺസഷൻ നൽകുന്ന വിദ്യാർത്ഥികളോട് ബസ് ഉടമകൾ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്ന് ആർടിഒ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പരാതികൾ ഉയർന്നാൽ കൃത്യമായ നടപടി സ്വീകരിക്കുന്നതാണ്.
ഈ വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലാണ് പുറത്തിറക്കുക. സർക്കാർ സ്കൂളുകൾ, കോളേജ്, ഐടിഐ, പോളിടെക്നിക് എന്നിവയുടെ ഐഡി കാർഡിൽ കൃത്യമായി റൂട്ട് രേഖപ്പെടുത്തേണ്ടതാണ്. അതേസമയം, സ്വാശ്രയ വിദ്യാഭ്യാസ/ പാരലൽ സ്ഥാപനങ്ങൾക്ക് ആർടിഒ അല്ലെങ്കിൽ ജോ. ആർടിഒ അനുവദിച്ച കാർഡ് നിർബന്ധമാണ്.
Post Your Comments