റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്ന് മുതൽ ബാങ്കിലെത്തി മാറ്റിയെടുക്കാൻ അവസരം. നോട്ടുകൾ മാറാൻ ബാങ്കിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ 2023 സെപ്തംബർ 30ന് മുൻപുതന്നെ കൈവശമുള്ള എല്ലാ നോട്ടുകളും ബാങ്കിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. അതേസമയം, നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്.
ബ്രാഞ്ചുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഐഡന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷാ ഫോമോ പൂരിപ്പിച്ച് നൽകാതെ തന്നെ നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. ഫോം നൽകാതെ ഒരേസമയം ഇരുപതിനായിരം രൂപ വരെയാണ് മാറ്റിയെടുക്കാൻ സാധിക്കുക. ‘ക്ലീൻ നോട്ട്’ നയത്തിന്റെ ഭാഗമായാണ് ആർബിഐയുടെ പുതിയ നീക്കം. 2000 രൂപ നോട്ടുകൾ ബാങ്കുകളിലേക്ക് എത്തുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാകുന്നതാണ്.
ഈ മാസം 19നാണ് ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതിനോടൊപ്പം, ബാങ്കുകൾ 2000ന്റെ നോട്ടുകൾ വിതരണം ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ, ജനങ്ങളുടെ കയ്യിലുള്ള നോട്ടുകളുടെ നിയമ സാധുത സെപ്തംബർ 30 വരെ മാത്രമാണ് ഉണ്ടായിരിക്കുക.
Post Your Comments