പത്തനംതിട്ട: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കോന്നി എം.എല്‍.എ. കെ.യു. ജനീഷ്‌കുമാര്‍. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു.
‘സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് ഞാനും പ്രമോദ് നാരായണന്‍ എം.എല്‍.എയും ഗുരുവായൂരില്‍ പോയത്. അവിടെ ചെന്നപ്പോള്‍ അവിടുത്തെ ആചാരങ്ങള്‍ മാനിച്ചു. ഭാര്യ തന്നെയാണ് ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിലയാളുകള്‍ ബോധപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ നടത്തുന്ന ശ്രമമല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല’, കെ.യു. ജനീഷ്‌കുമാര്‍ പറഞ്ഞു.
കുടുംബത്തിനും കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എ. പ്രമോദ് നാരായണനും ഒപ്പമുള്ള കോന്നി എം.എല്‍.എയുടെ ക്ഷേത്രദര്‍ശനമാണ് വിവാദമായത്. മേല്‍മുണ്ട് ധരിച്ചും കുറിയണിഞ്ഞുമുള്ള എം.എല്‍.എയുടെ ചിത്രം പുറത്തുവന്നിരുന്നു. പാര്‍ട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവും ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖ പറയുന്നത്.
തിരുത്തല്‍ രേഖ പാര്‍ട്ടി നേതാക്കളും അംഗങ്ങളും അംഗീകരിക്കുകയും അതേസമയം, എം.എല്‍.എ. ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നു എന്നതായിരുന്നു ജനീഷ്കുമാറിനെതിരായ വിമര്‍ശനം.നേരത്തേ, ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണന്റെ കുടുംബവും ക്ഷേത്ര ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. ജനീഷ്കുമാര്‍ എം.എല്‍.എയുടെ ഭാര്യ അനുമോള്‍ ഫെയ്‌സ്ബുക്കില്‍ സ്റ്റോറിയായി പങ്കുവെച്ച ചിത്രമാണ് വിമര്‍ശനത്തിന് വിധേയമായത്.
Leave a Comment