കാസർഗോഡ്: കാസർഗോഡ് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി സൂക്ഷിച്ചിരുന്ന കുഴൽപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ നാല് പേർ പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്. പുലിക്കുന്നിൽ നിന്നും 30 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും ചെങ്കള ചേരൂർ സ്വദേശി അബ്ദുൽഖാദർ മഹഷൂഫ് അറസ്റ്റിലായി. ഇയാൾ ബൈക്കിൽ കുഴപ്പണം കടത്തവെയാണ് പിടിയിലായത്.
കാസർഗോഡ് നഗരത്തിൽ വെച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാർമൂല സ്വദേശി എംഎ റഹ്‌മാൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതും ബൈക്കിൽ കടത്തവെയാണ് പിടിയിലായത്. മാർക്കറ്റിന് സമീപം വച്ച് നടത്തിയ പരിശോധനയിലാണ് നീലേശ്വരത്ത് 18.5 ലക്ഷം രൂപ കുഴൽപ്പണം പിടിച്ചത്. ഒഴിഞ്ഞവളപ്പ് സ്വദേശി കെകെ ഇർഷാദിനെ പോലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടിച്ചത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments