തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റിയതായി ആരോപണം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം സംഘടനാനേതാവായ ആൺകുട്ടിയെ നാമനിർദേശം ചെയ്‌ത സംഭവമാണ് വിവാദമാകുന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണ് സംഭവം.
സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുക എന്നതാണ് സംഘടനാ ലക്ഷ്യമിട്ടത്. ജയിച്ച പെൺകുട്ടിക്ക് പകരം, തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത വിദ്യാർത്ഥി നേതാവിന്റെ പേരാണ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചത്. ഇതാണ് വിവാദത്തിന് കാരണമായത്. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്.
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് വിശാഖ് മത്സരിച്ചത് പോലുമില്ല എന്നാണ് റിപ്പോർട്ട്.
26നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പലിന്റെ ന്യായീകരണം. എന്നാൽ ആള്‍മാറാട്ടത്തിന് പിന്നില്‍ സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദമാണെന്നാണ് സൂചന.
Post Your Comments