നിത്യജീവിതത്തില്‍ നാം പല രീതീയിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടാറുണ്ട്. ഇവയില്‍ അത്ര ഗൗരവമില്ലാത്തതും ഉള്ളതുമായ പ്രശ്‌നങ്ങളുണ്ടാകാം. എല്ലാത്തിനും അതിന് അനുസരിച്ചുള്ള കാരണങ്ങളുമുണ്ടാകാം. എന്തായാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തിരിച്ചറിഞ്ഞ്, അവയുടെ കാരണം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകളുമുണ്ടാകാം.
ശരീരം പലപ്പോഴും നല്‍കുന്ന സൂചനകളെ നാം നിസാരവത്കരിക്കുന്നതോ പരിഗണിക്കാതെ തള്ളിക്കളയുന്നതോ ആണ് ഭാവിയില്‍ വിഷയമായി വരുന്നത്. ഓരോ ആരോഗ്യപ്രശ്‌നത്തിനും കാരണമുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. അതുതന്നെ വ്യത്യസ്തമായും വരാം.
തലവേദന പതിവാകുന്നത് നിര്‍ജലീകരണം മൂലമോ, അല്ലെങ്കില്‍ തലച്ചോറിനെ ബാധിക്കുന്ന ഏതെങ്കിലും ചെറുതോ വലുതോ ആയ അസുഖം മൂലമോ, കണ്ണിന് വരുന്ന സമ്മര്‍ദ്ദം മൂലമോ അങ്ങനെ ഏതിലൂടെയുമാകാം.
ഇവിടെയിപ്പോള്‍ ഇടവിട്ട് വരുന്ന തലവേദനയുടെ ഒരു കാരണം, അതും അധികമാരും പെട്ടെന്ന് തിരിച്ചറിയാന്‍ സാധ്യതയില്ലാത്തൊരു കാരണമാണ് സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ ഉറക്കമില്ലായ്മയ്ക്കും ഇത് കാരണമാകാറുണ്ട്.
മറ്റൊന്നുമല്ല, മാനസികമായി വല്ലാതെ തളരുന്ന ചില സാഹചര്യങ്ങളുണ്ടാകാം വ്യക്തികള്‍ക്ക്. പതിവായി സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച് ഏറെ നാള്‍ മുന്നോട്ട് പോയിക്കഴിയുമ്പോള്‍ മാനസികമായും ശാരീരികമായും ആ വ്യക്തി തളര്‍ന്ന്, ഇനിയൊരു അടി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വണ്ണമുള്ള മോശം അവസ്ഥയിലെത്തും. ‘ബേണൗട്ട്’ എന്നൊക്കെ ഈ അവസ്ഥയെ വിളിക്കാറുണ്ട്.
സ്‌ട്രെസ്- അതുപോലെ ജോലിഭാരം എല്ലാം ഇതിന് ക്രമേണ പശ്ചാത്തലമായി വരാറുണ്ട്. ഉന്മേഷമില്ലായ്മ, കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കഴിയാത്ത അവസ്ഥ, എപ്പോഴും നിസഹായത തോന്നുക, നാളെയിലേക്ക് കടക്കാന്‍ പ്രതീക്ഷയോ പ്രചോദനമോ അനുഭവപ്പെടാതിരിക്കുക, തളര്‍ച്ച തുടങ്ങി പല പ്രയാസങ്ങളും ഇതുമൂലം വ്യക്തി നേരിടാം.
ചിന്താശേഷി, ഓര്‍മ്മശക്തി, കാര്യങ്ങളോട് പ്രതികരിക്കുന്നതിനുള്ള കഴിവ്, കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഉത്പാദനക്ഷമത എന്നിവയെ എല്ലാം ഈ അവസ്ഥ ബാധിക്കുന്നു. എപ്പോഴും മുന്‍കോപം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ഇതോടെ വ്യക്തിയില്‍ കാണാം.സമയത്തിന് പരിഹരിച്ചില്ലെങ്കില്‍ ഇത് വിഷാദത്തിലേക്കും വ്യക്തികളെ നയിക്കാം.
ലക്ഷണങ്ങള്‍…
തീര്‍ത്തും മാനസികമായ ഈ അവസ്ഥയെ സൂചിപ്പിക്കുന്നതിന് ശരീരം നല്‍കുന്ന സൂചനകളിലൊന്നാണ് ഇടവിട്ടുണ്ടാകുന്ന തലവേദന. അതുപോലെ തന്നെ ഉറക്കമില്ലായ്മയും. ഇതിന് പുറമെ പേശികളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന അവസ്ഥയും ഇതുമൂലമുണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം അസുഖങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം തന്നെ വ്യക്തിയുടെ മാനസികാരോഗ്യവും പരിശോധനാവിധേയമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാക്കുന്നത്.
പരിഹാരങ്ങള്‍…
തുടര്‍ന്നുകൊണ്ടുപോകുന്ന ജീവിതപരിസരങ്ങളില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുക, ചെറിയ യാത്രകള്‍ ചെയ്യുക, വ്യായാമം പതിവല്ലെങ്കില്‍ അത് പതിവാക്കുക, മെഡിറ്റേഷന്‍- യോഗ എന്നിവയിലേക്ക് കടക്കുക, ജീവിതത്തില്‍ പോസിറ്റീവായി കിട്ടുന്ന കാര്യങ്ങളെ സ്മരണയോടെ അംഗീകരിക്കുക, ഉറക്കം ഉറപ്പാക്കുക, മൊബൈല്‍ അടക്കമുള്ള ഗാഡ്‌ഗെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക, ജോലിഭാരം കൈകാര്യം ചെയ്യുക, കൗണ്‍സിലിംഗ് അടക്കമുള്ള മെഡിക്കല്‍ ഹെല്‍പ് നേരിടുക- എന്നിവയെല്ലാം ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ചെയ്യാവുന്നതാണ്.
Post Your Comments