KeralaLatest NewsNews

‘ഒരാൾക്കു തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ്’: കുറിപ്പ്

മലപ്പുറം: നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിന്റെ ശോചനീയാവസ്ഥ വിവരിച്ച സിന്ധു സൂരജിന്റെ കുറിപ്പിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണെന്നും, വേണ്ട വിധം സൗകര്യങ്ങൾ ഒന്നും ഇല്ലെന്നും സിന്ധു എന്ന യുവതി വ്യക്തമാക്കുന്നു. വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം താൻ മരണം വരെ മറക്കില്ലെന്നും യുവതി വ്യക്തമാക്കുന്നു.

സിന്ധു സൂരജിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ:

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ….. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്. ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും ….

അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല , പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം , പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ …. വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം , ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും.

വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും …… ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും’

സിന്ധുവിന്റെ കുറിപ്പിന് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ മറുപടി:

നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചിരുന്നു. നിര്‍മ്മാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ പകുതിയില്‍ നിര്‍ത്തി പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാണ തുകയില്‍ വലിയ വ്യത്യാസം വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button