തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ 17 കാരി അസ്മിയയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബന്ധുക്കളാണ് പെൺകുട്ടിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അസ്മിയയെ ഇന്നലെയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.
സംഭവം നടക്കുന്ന ദിവസം അസ്മിയയെ ഉമ്മ വിളിച്ചപ്പോൾ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും ഉസ്താദും മറ്റൊരാളും തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിൽ എത്തിയത്. എന്നാൽ, മകളെ കാണാൻ ആദ്യം ഇവിടെയുള്ള അധികൃതർ ഈ ഉമ്മയെ സമ്മതിച്ചിരുന്നില്ല. മതപഠനകേന്ദ്രത്തിലെ അധികൃതരുമായി മാതാവ് ഫോണിലാണ് സംസാരിച്ചത്. ‘നിങ്ങളുടെ മകള്‍ക്ക് അനുസരണയില്ല. വലിയ സംസാരമാണ്. അവള്‍ക്ക് ശരിക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ കൊണ്ടുപോണെങ്കില്‍ കൊണ്ട് പൊയ്ക്കോള്ളൂ’ എന്ന് അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്.
മതപഠനകേന്ദ്രത്തിൽ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരിച്ചതാണ് എന്നാണ് സ്ഥാപന അധികൃതര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. അസ്മിയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
Post Your Comments