ഇടുക്കി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്തും പാമ്പാടും പാറ സ്വദേശിയുമായ രതീഷ് എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി വിയു കുര്യാക്കോസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിനു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലൈജുവിന്റെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് ജിനീഷിന് ബന്ധമുണ്ടായിരുന്നു.
കുറെക്കാലം മുമ്പ് ഇവർ ഈ ബന്ധത്തില്‍ നിന്നും പിന്മാറി. പിന്നാലെ ജിനീഷിനെതിരെ ഇടുക്കി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനെല്ലാം കാരണം കടയുടമയായ ലൈജുവിന്‍റെ സ്വാധീനമാണെന്നുള്ള സംശയമാണ് ആക്രമണത്തിന് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
കേസ് വഴിതിരിച്ചു വിടാൻ ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് ജിനീഷ് ആദ്യം പൊലീസിന് മൊഴി നല്കിയത്. അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സിഐ സാം ജോസ്, കരിമണൽ സിഐ ടിഎസ് ശിവകുമാർ എന്നിവരടങ്ങിയ 14 അംഗ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments