തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. പിന്നീട് വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്മാര് തീരം തൊടും. ഇന്ന് ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത.
മോക്കാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും വ്യാപക മഴയ്ക്ക് കാരണമാകും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കുന്നുണ്ട്. ആന്‍ഡമാന്‍ കടലിലും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
Post Your Comments