കൊച്ചി: കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി. സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന ഭയന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കേസിൽ സംസ്ഥാന പൊലീസ് മേധാവി ഇന്ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ ഹൈക്കോടതി ഇന്നലെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് കോടതി പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു. പലരേയും അക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടര്‍ വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അത് തടയാതെ എന്തായിരുന്നു പോലീസിന്റെ ജോലിയെന്നും കോടതി വിമര്‍ശിച്ചു.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിച്ചത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്ട്രേറ്റും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.
Post Your Comments