മലയാലപ്പുഴ: മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തിൽ മന്ത്രവാദിനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
മുൻപും മലയാലപ്പുഴ പൊലീസിന്റെ ഭാഗത്തുനിന്ന് ശോഭനയെ സഹായിക്കുന്ന നിലപാടുകളാണ് ഉണ്ടായിരുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മന്ത്രവാദ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാവും ശോഭനക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും മന്ത്രവാദം നടത്തിയ ശോഭനയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകണമെന്ന് ആവശ്യവും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.
പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി. മൂന്ന് പേരിൽ ഒരാൾ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. അഞ്ച് ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു.
ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് വാസന്തി അമ്മ മഠം നടത്തുന്ന ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്.
Post Your Comments