തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർമാരായി വനിതകളെയും നിയമിക്കുന്നു. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും വനിതകളെ നിയോഗിക്കുക. 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്കുശേഷമുള്ള ഒഴിവുകളാകും പുരുഷന്മാർക്ക് നൽകുക.
കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവർമാരെ വേണ്ടത്. ഒമ്പതുമീറ്റർ നീളമുള്ള ചെറിയ ബസുകളാണ് നഗരത്തിൽ ഉപയോഗിക്കുന്നത്.
കർശനവ്യവസ്ഥകളോടെയാണ് നിയമനം. രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ വിവിധ ഡ്യൂട്ടികളിൽ ജോലി ചെയ്യേണ്ടിവരും. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഹെവി ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും നിയമനസാധ്യതയുണ്ട്. ഹെവി ലൈസൻസില്ലാത്തവർക്ക് കെഎസ്ആർടിസി ഒരു മാസം പരിശീലനം നൽകും. ഇത്തരത്തിൽ നിയമനം നേടുന്നവർ 12 മാസം തുടർച്ചയായി ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിർബന്ധമാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ 30,000 രൂപ സുരക്ഷാനിക്ഷേപം നൽകണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരിൽനിന്ന് ഈ തുക നഷ്ടപരിഹാരമായി ഈടാക്കും. ഒരു മാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസൻസ് നേടാൻ കഴിയാത്തവർക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും.
Post Your Comments