നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നാലാം പാദത്തിലെ അറ്റാദായം 26 ശതമാനം വാർഷിക വളർച്ചയോടെ 3,495.6 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 2,767 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.
മാർച്ച് പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (എൻപിഎ) താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ നിഷ്ക്രിയ ആസ്തി മൂല്യം 1,736.1 കോടിയായിരുന്ന സ്ഥാനത്ത് ഇത്തവണ 1,193.3 കോടി മാത്രമേ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളൂ. നെറ്റ് എൻപിഎ അനുപാതവും മെച്ചപ്പെട്ടു. മുൻ വർഷം ഇതേ കാലയളവിൽ 0.64 ശതമാനമായിരുന്ന നെറ്റ് എൻപിഎ അനുപാതം ഈ മാർച്ച് പാദത്തിൽ 0.37 ശതമാനമായി താഴ്ന്നു. അതേസമയം, കൊട്ടക് ബാങ്കിന്റെ ജനുവരി – മാർച്ച് കാലയളവിലെ പ്രവർത്തന ലാഭം 39 ശതമാനം വർദ്ധനയോടെ 4,647.37 കോടിയായി ഉയർന്നു.
Post Your Comments