രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് പെരുകുന്നതായി റിപ്പോർട്ട്. വമ്പൻ വിലക്കുറവിൽ ആകൃഷ്ടരാകുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉയർന്ന വിലയുള്ള ഉപകരണങ്ങൾ പെട്ടെന്ന് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതായി ചിത്രീകരിച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പ്രത്യക്ഷത്തിൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഔദ്യോഗിക വെബ്സൈറ്റാണെന്ന് തോന്നുന്നതിനാൽ, മിക്ക ആളുകളും വ്യാജ വെബ്സൈറ്റിൽ പണം അടച്ചാണ് ഉപകരണത്തിനായുള്ള കാത്തിരിപ്പ് ആരംഭിക്കുന്നത്. എന്നാൽ, നിശ്ചിത സമയത്തിന് ശേഷവും ഉപകരണം എത്താത്തതോടെ വെബ്സൈറ്റ് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഭൂരിഭാഗം ആളുകളും മനസിലാക്കുന്നത്.
ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് രീതിയെ കുറിച്ച് മിക്ക ആളുകളും ബോധവാന്മാരല്ലാത്തത് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ടൈപോസ്ക്വോട്ടിംഗിനെ യുആർഎൽ ഹൈജാക്ക് എന്നും പറയാറുണ്ട്. ഒറ്റനോട്ടത്തിൽ പ്രധാന വെബ്സൈറ്റുകളുടെ അഡ്രസ്സ് ആണെന്ന് തോന്നുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്യുക. എന്നാൽ, ഇത്തരം വെബ്സൈറ്റുകളിൽ ചില അക്ഷരങ്ങൾ തെറ്റായിട്ടാണ് നൽകാറുള്ളത്. ഇത് മിക്ക ആളുകളുടെയും ശ്രദ്ധയിൽപെടാറില്ല. ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് കരുതി ക്ലിക്ക് ചെയ്യുമ്പോൾ വ്യാജ വെബ്സൈറ്റുകളിലേക്കാണ് എത്തുക. ഇത്തരം സൈറ്റുകളിൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുണ്ടാവുക. സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ടൈപോസ്ക്വോട്ടിംഗ്.
Post Your Comments