മതപ്രഭാഷകന്‍റെ വാക്ക് കേട്ട് കെനിയയിൽ പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പൊലീസ് ഇതിനകം രക്ഷപ്പെടുത്തി. ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ വാക്കുകേട്ടാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്.
യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു നിര്‍ദേശം. ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെ നിന്ന് പോലീസ് കണ്ടെത്തി. പ്രദേശത്ത് കെനിയൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്.മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉൾപ്പെടെ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോള്‍ മക്കെന്‍സിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം പ്രതികളുടെ സ്വത്തുക്കൾ നിയമാനുസൃതമായി കണ്ടുകെട്ടുന്നതിനും ജപ്തി ചെയ്യുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ നൂർദിൻ ഹാജി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മൃതദേഹം പുറത്തെടുക്കുന്നതിനൊപ്പം തിരച്ചിൽ, രക്ഷാപ്രവർത്തനം നടത്തുന്ന റാഞ്ചിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കാനുള്ള നീക്കത്തെ മനുഷ്യാവകാശ പ്രവർത്തകർ ചോദ്യം ചെയ്തു.
Post Your Comments