ലഖ്‌നൗ: അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയിലിരിക്കെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണിത്.
അക്രമികൾ തൊട്ടടുത്തു നിന്നാണ് ഇരുവർക്കും നേരെ വെടിയുതിർത്തത്. എംഎൽഎൻ മെഡിക്കൽ കോളേജ് പരിസരത്താണ് വെടിവയ്‌പ്പ് നടന്നത്. ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. അതിഖ് അഹമ്മദിന് മകന്റെ അന്ത്യകര്‍മങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിയുതിർത്തു.
പിന്നാലെ തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.തുടര്‍ന്ന് 14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. അക്രമികള്‍ മാധ്യമപ്രവര്‍ത്തരെന്ന് വ്യാജേനെ അതിഖിനും സഹോദരനും സമീപമെത്തിയതെന്നാണ് വിലയിരുത്തൽ. അക്രമികളെ വെടിവെപ്പിന് ശേഷം പോലീസ് കീഴടക്കുകയായിരുന്നു.
സണ്ണി ലോവേഷ്, അരുണ്‍ എന്നിങ്ങനെയാണ് പ്രതികളുടെ പേര്. അതിഖ് അഹമ്മദും സഹോദരനേയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരേയും പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ ഒരു പോലീസ് കോണ്‍സ്റ്റബിളിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. അതിഖിന്റെ മകന്‍ ആസാദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്.
Post Your Comments