അയൽക്കാരനോടുള്ള വൈരാഗ്യത്തിൽ അദ്ദേഹത്തിന്റെ കോഴികളെ പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവിന് തടവുശിക്ഷ. ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. സംഭവം കേസായതോടെ ഗു എന്ന യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി, ശിക്ഷ വിധിക്കുകയായിരുന്നു.
ഇയാൾ കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തുകയായിരുന്നു. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണത്രെ ഇയാൾ പ്രതീക്ഷിച്ചത്. വെളിച്ചം കണ്ടതോടെ കോഴികളെല്ലാം തന്നെ കൂടിന്റെ ഒരു ഭാഗത്തേക്ക് മാറിപ്പോവുകയും അവിടെ വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവ പരസ്പരം അക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇത് ആദ്യമായിട്ടല്ല ഗു അയൽക്കാരന്റെ അധീനതയിലുള്ള കോഴികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നത്. നേരത്തെ ഗു ഇങ്ങനെ അതിക്രമിച്ച് കയറിയപ്പോൾ 500 കോഴികളാണ് ചത്തത്. പിന്നാലെ, ഇയാൾ അറസ്റ്റിലാവുകയായിരുന്നു.
അതിന് ശേഷം കോഴികളുടെ ഉടമയ്‍ക്ക് ഏകദേശം 35000 രൂപ നഷ്ടപരിഹാരം നൽകാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ, അതോടെ ഗു -വിന് വീണ്ടും ദേഷ്യം വന്നു. ഇതോടെ ബാക്കിയുള്ള കോഴികളെ കൂടെ കൊല്ലാൻ ഗു പദ്ധതി ഇട്ടു. ഇതിനായി ഇയാൾ പിന്നേയും അയൽക്കാരൻ കോഴികളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു. ചൈന ഡെയ്‍ലി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments