
അരുണാചൽ പ്രദേശിൽ വൈബ്രന്റ് വില്ലേജസ് പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ പ്രദേശിന്റെ അതിർത്തി പ്രദേശമായ കിബിത്തൂവിലാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് തുടക്കമിട്ടത്. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് അമിത് ഷാ അരുണാചൽ പ്രദേശിൽ എത്തിയത്. അതിർത്തി മേഖലയുടെ സമഗ്ര വികസനത്തിനായി രൂപം നൽകിയ പദ്ധതിയാണ് വൈബ്രന്റ് വില്ലേജസ്.
വൈബ്രന്റ് വില്ലേജസ് പദ്ധതിയിലൂടെ അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളുടെ വികസനമാണ് നടപ്പാക്കുക. 4,800 കോടി രൂപ ചെലവഴിച്ചാണ് ഈ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും, അവരെ ജന്മ സ്ഥലങ്ങളിൽ താമസിക്കാൻ പ്രാപ്തരാക്കാനും സാധിക്കുന്നതാണ്.
അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം തടയാനും, അതിർത്തി സുരക്ഷാ വർദ്ധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. റോഡ് കണക്ടിവിറ്റി, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ടിവിറ്റി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യം എന്നിവയിൽ അധിഷ്ഠിതമായാണ് വികസനങ്ങൾ നടപ്പാക്കുക.
Post Your Comments