![](/wp-content/uploads/2023/04/untitled-13-1.jpg)
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ബി.ജെ.പിയുടെ 44–-ാം സ്ഥാപകദിനമായ വ്യാഴാഴ്‌ച പാർടി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ്‌ഗോയൽ ആണ് അനിൽ ആന്റണിക്ക് അംഗത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്ന് അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനിൽ ആന്റണിയുടെ കൂടുമാറ്റം കോൺഗ്രസ് കോട്ടയിൽ വലിയൊരു ആഘാതമാണേൽപ്പിച്ചിരിക്കുന്നത്. സ്വയം പ്രതിരോധിക്കാൻ പോലും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും സാധിക്കുന്നില്ല. ഇതിനിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. സി.പി.എമ്മിന്റെ സൈബർ ടീം. ഇവർ വെളുപ്പിക്കാൻ ശ്രമിക്കുന്നത് ബിനീഷ് കോടിയേരിയെ ആണ്. കള്ളക്കേസിൽ കുടുക്കിയപ്പോഴും തിരിച്ചിറങ്ങാൻ കഴിയുമോയെന്ന് പോലും ഉറപ്പില്ലാതെ അഴിയെണ്ണിയപ്പോഴും തന്റെ പാർട്ടിയെ തള്ളിപറയാത്ത ആളാണ് ബിനീഷയെന്നും, തെളിവില്ലാത്ത കേസുമായി ചെന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ കണക്കിന് ശകാരിച്ച് ഒരു വർഷത്തിനു ശേഷം ജാമ്യം കൊടുത്ത് പുറത്തു വിടുമ്പോൾ നിലപാടിൽ നിന്ന് അണുവിട ഇളകാതെ ഉറച്ചുനിന്ന ആളാണ് ബിനീഷ് കോടിയേരി എന്നുമാണ് സൈബർ സഖാക്കളുടെ വീരവാദം.
അതേസമയം, ഇതിന് കനത്ത മറുപടി കോൺഗ്രസ് സൈബർ ടീമും നൽകുന്നുണ്ട്. മകൻ മയക്കുമരുന്ന് കേസിൽ അകത്തായാൽ നേതാവും വളർത്തിയ ആളുമായ അച്ഛന് പങ്കില്ല, മകൻ സ്വാതന്ത്ര്യവ്യക്തി എന്ന സി.പി.എമ്മിന്റെ വ്യാഖ്യാനം ശരിയല്ലെന്നാണ് കോൺഗ്രസ് സൈബർ ടീം പറയുന്നത്. അതേസമയം, മകൻ പാർട്ടി മാറിയാൽ ഉത്തരവാദിത്തം മുഴുവൻ അച്ഛന് ആകുന്നതെങ്ങനെ എന്നും ഇവർ ചോദിക്കുന്നു. ബിനീഷിനെ സ്വാതന്ത്ര്യവ്യക്തിയാക്കിയും, അനിലിനെ ആന്റണിയുടെ ‘വഴിപിഴച്ച മകനു’മയക്കിയ സൈബർ സഖാക്കളോടാണ് സൈബർ കോൺഗ്രസ് ടീം ചോദിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
Post Your Comments