യേശുക്രിസ്തു കുരിശില് മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.
എന്താണ് ഗുഡ് ഫ്രൈഡേ (Good Friday)? യേശുദേവൻ ക്രൂശിക്കപ്പെട്ട ഈ വെള്ളിയാഴ്ച എങ്ങനെയാണ് ‘ഗുഡ്’ ആകുന്നത്? ഈസ്റ്ററിന് തൊട്ടു മുൻപുള്ള വെള്ളിയാഴ്ചയാണ് ഗുഡ് ഫ്രൈഡേ, യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരിക്കുകയും ചെയ്ത ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഡാർക്ക് ഫ്രൈഡേ എന്നിങ്ങനെയെല്ലാം ഈ ദിനം അറിയപ്പെടുന്നു. ക്രിസ്തു മനുഷ്യരുടെ പാപങ്ങൾ ഇല്ലാതാക്കാനായി കുരിശുമരണം വരിക്കുകയും മൂന്നാംനാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. ഗുഡ് ഫ്രൈഡേ ദിനത്തിൽ, മനുഷ്യർ ചെയ്ത പാപങ്ങൾ കഴുകിക്കളയുന്നതിനായി യേശുക്രിസ്തു കുരിശുമരണം വരിച്ചു.
Read Also : ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം
പല ഭാഷകളിലും വ്യത്യസ്ത രീതികളിലാണ് ഗുഡ് ഫ്രൈഡേ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഗോഡ്’സ് ഫ്രൈഡേ (God’s Friday) എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി രൂപപ്പെട്ടതെന്ന് വിശ്വാസമുണ്ട്. മനുഷ്യരാശിയുടെ പാപങ്ങൾ നീക്കാൻ ദൈവനിശ്ചയപ്രകാരമുള്ളതായിരുന്നു ഈ ചരിത്ര സംഭവങ്ങൾ എന്നിരിക്കെ ഇത്തരത്തിൽ വിളിക്കുന്നത് ഉചിതമാണെന്ന അഭിപ്രയമുള്ളവരാണ് ഏറെയും. ഉയിർത്തെഴുന്നേൽപ്പ് ദിനത്തിന് കാരണമായ ദിവസമെന്ന നിലയിലും ഇത് ഗുഡ് ഫ്രൈഡേ തന്നെയാണ്.
ബൈബിളിൽ രേഖപ്പെടുത്തിയതനുസരിച്ച് ഏറ്റവും ക്രൂരമായ പ്രവൃത്തിയെക്കുറിക്കുന്ന ദിനമാണ് ദുഃഖവെള്ളി, എന്നാൽ ലോക പാപത്തെ മുഴുവൻ തന്നിലേക്കാവാഹിച്ച് മനുഷ്യരാശിയെ തിന്മയുടെ കൈപ്പിടിയിൽ നിന്ന് മാറ്റുന്നതിനായി ദൈവനിശ്ചയ പ്രകാരം ജീസസ് തിരഞ്ഞെടുത്ത മാർഗമായിരുന്നു ഈ സുദിനം എന്നറിയുമ്പോൾ ദുഖവെള്ളി ശരിക്കും ഗുഡ് ഫ്രൈഡേ തന്നെയാണ്.
പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.
Post Your Comments