ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. വിദഗ്ധ സമിതി കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. മൂന്നാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, പന്നിയാർ എസ്റ്റേറ്റ് എന്നിവിടങ്ങൾ സമിതി സന്ദർശിച്ചേക്കുമെന്നാണ് വിവരം. സിസിഎഫ് ആർഎസ് അരുൺ ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, കാട്ടാനകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധർ, കോടതി നിശ്ചയിച്ച അമിക്കസ്‍ക്യൂറി എന്നിവരുൾപ്പെടെ അഞ്ചു പേരാണ് സംഘത്തിലുള്ളത്.
അതേസമയം, തിങ്കളാഴ്ച ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച എത്താനാണ് സംഘം തീരുമാനിച്ചിരുന്നത്. എന്നാൽ, ഹർത്താൽ മാറ്റിയതോടെ തിങ്കളാഴ്ച തന്നെ എത്താൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വിദഗ്ധസമിതി ഓൺലൈനിൽ യോഗം ചേർന്ന് അരിക്കൊമ്പൻ വിഷയം ചർച്ച ചെയ്തിരുന്നു. അരിക്കൊമ്പനെ റേഡിയോ കോളറിട്ട് മറ്റൊരു വനമേഖലയിലേക്ക് മാറ്റാനുള്ള ചർച്ചകളാണ് നടക്കുന്നത്. അരിക്കൊമ്പനെ മാറ്റാൻ അനുയോജ്യമായ വനമേഖലകൾ കണ്ടുപിടിക്കാൻ വനംവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.
Post Your Comments