തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കാര്‍ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. മെയ് പകുതിയോടെ പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്നാണ് വിവരം. അതുകഴിഞ്ഞാലുടന്‍ സര്‍വീസ് ആരംഭിക്കും. കോച്ചുകളുടെ എണ്ണം കൂട്ടുന്ന കാര്യം യാത്രക്കാരുടെ എണ്ണം വിലയിരുത്തിയശേഷം തീരുമാനിക്കും.
കൊച്ചുവേളിയിലായിരിക്കും ട്രെയിനുകളുടെ അറ്റകുറ്റപ്പണി. ഇതിനായി രണ്ട് പിറ്റ് ലൈനുകള്‍ വൈദ്യുതീകരിച്ചു. സര്‍വീസ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഓടിക്കാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരിക്കും വന്ദേഭാരത് സഞ്ചരിക്കുക. കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുക. കൂടുതല്‍ സ്റ്റോപ്പുകള്‍ വേഗം കുറയ്ക്കുമെന്നതിനാലാണ് ഈ തീരുമാനം.
Post Your Comments