ടെഹ്‌റാന്‍: മതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ഇറാന്‍ ഭരണകൂടം. രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കാണ് ഇറാന്‍ ഭരണകൂടം പിഴ ഈടാക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് ഇനി മുതല്‍ അടയ്ക്കേണ്ടി വരുന്നത് 30 ബില്യണ്‍ ഇറാനിയന്‍ റിയാല്‍ (6,000 ഡോളര്‍) ആണ്. ഹിജാബ് ധരിക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും പാസ്പോര്‍ട്ടുകളും അസാധുവാക്കും. സെലിബ്രിറ്റികള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തും.
റെസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കാണ് പിഴ ബാധകമാകുക. പിഴ ഈടാക്കുന്നതിലൂടെ ഹിജാബിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും പുറത്തുനിന്നും അഭിപ്രായം പറഞ്ഞു കൊണ്ടുള്ള കടന്നുകയറ്റങ്ങള്‍ക്കും കുറവുണ്ടാകുമെന്നാണ് ഭരണകൂടത്തിന്റെ ന്യായം. ഹിജാബില്‍ നിന്ന് മാറുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പിന്‍വാങ്ങലാണെന്നും ഇറാനിയന്‍ നിയമനിര്‍മ്മാതാവും ഇറാന്‍ പാര്‍ലമെന്റിന്റെ കള്‍ച്ചറല്‍ കമ്മീഷന്‍ അംഗവുമായ ഹോജ്ജത് ഒല്‍-എസ്ലാം ഹുസൈന്‍ ജലാലി പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പാണ് ഇറാനില്‍ മതകാര്യ പോലീസിനെ പിരിച്ചുവിട്ടത്. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്കൊടുവിലാണ് ഭരണകൂടം മതകാര്യ പോലീസിനെ പിരിച്ചു വിടാന്‍ തീരുമാനം എടുത്തത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി എന്ന യുവതിയുടെ മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് നിരവധി സ്ത്രീകളാണ് ഹിജാബ് ഉപേക്ഷിച്ച് തെരുവില്‍ പ്രതിഷേധത്തിനെത്തിയത്.
Post Your Comments