KeralaLatest NewsNews

സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളിൽ നിന്ന് രണ്ടു മാസം കൊണ്ട് മാത്രം ലഭിച്ചത് രണ്ടേകാൽ കോടി

തിരുവനന്തപുരം: റസ്റ്റ് ഹൗസുകളുടെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെയാണ് വരുമാനത്തിൽ വൻ വർധന. സമയം ഏകീകരിച്ച ശേഷമുള്ള നാല് മാസം കൊണ്ട് രണ്ടേകാൽ കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. റൂം ബുക്കിംഗ് ഓൺലൈൻ ആക്കിയ ശേഷം ഒരു വർഷം കൊണ്ട് നാല് കോടി രൂപ വരുമാനം ലഭിച്ചിരുന്നു. അത് റസ്റ്റ് ഹൗസിന്റെ ചരിത്രത്തിൽ പുതിയൊരു അനുഭവമായിരുന്നു. അതിന് പിന്നാലെയാണ് വലിയ മുന്നേറ്റം തുടർമാസങ്ങളിൽ സാധ്യമായത്. 2023 മാർച്ച് 25 ലെ കണക്കനുസരിച്ച് ആകെ വരുമാനം ആറേകാൽ കോടി രൂപ ആയി വർധിച്ചിരിക്കുകയാണ്.

Read Also: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷാവിധി നാളെ 

തിരുവനന്തപുരത്തെ തൈക്കാട് റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കിൽ 2023 മാർച്ച് 1 മുതൽ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കിൽ 2023 മാർച്ച് 1 മുതൽ 28 വരെ മാത്രം 1,06,534 രൂപ ലഭിച്ചു. മൂന്നാർ റസ്റ്റ് ഹൗസിൽ 2022 മാർച്ചിൽ ആകെയുണ്ടായിരുന്ന ബുക്കിംഗ് 99 ആയിരുന്നു. 2023 മാർച്ചിൽ ഇതുവരെ അത് 311 ആയി വർധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വർധനവുണ്ടായി.

2021 നവംബർ ഒന്നിനാണ് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന പേരിൽ ജനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. അതിന് ശേഷം റസ്റ്റ് ഹൗസുകളിലെ ബുക്കിംഗ് പടിപടിയായി ഉയർന്നു. റസ്റ്റ് ഹൗസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കാൻ മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്കിറങ്ങി.

സർക്കാർ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ. മുഹമ്മദ് റിയാസ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഫലപ്രദമായി റസ്റ്റ് ഹൗസുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.

റസ്റ്റ് ഹൗസുകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നുവെന്നും അത് പ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാൾ റൂം ബുക്ക് ചെയ്താൽ വന്ന് താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഇത് ജനങ്ങൾ തന്നെയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. പരിശോധിച്ചപ്പോൾ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിലാണ് ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയക്രമം നടപ്പാക്കിയത്. അതോടെ വരുമാനത്തിൽ ഇരട്ടിയോളമാണ് വർധന ഉണ്ടായിരിക്കുന്നത്. പീപ്പിൾ റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഹ്രസ്വകാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നേടണോ? എസ്ബിഐ ‘അമൃത് കലശ് ‘ സ്കീം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button