
ന്യൂഡല്‍ഹി: ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ രക്ഷിച്ച് ഡെല്‍ഹി പൊലീസ്. നോർത്ത് ഈസ്റ്റ് ഡെല്‍ഹിയില്‍ ആണ് സംഭവം. നാൽപ്പതോളം ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.
നോർത്ത് ഈസ്റ്റ് ഡെല്‍ഹി സ്വദേശിയായ 25കാരൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. താൻ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും യുവാവ് ലൈവിൽ വന്ന് പറയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഫേസ്ബുക്ക് ഡെല്‍ഹി പൊലീസിന് സന്ദേശം കൈമാറുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
തുടർന്ന് ഡെല്‍ഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസ് യുവാവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കിടപ്പുമുറിയിൽ അവശനായ നിലയിലുള്ള യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു അടിയന്തര ചികിത്സ നൽകി. ചികിത്സക്ക് ശേഷമുള്ള പൊലീസ് ചോദ്യം ചെയ്യലിൽ ആണ് നാൽപ്പത് ഗുളികകൾ ഒരുമിച്ച് കഴിച്ചതായി യുവാവ് വ്യക്തമാക്കിയത്.
Post Your Comments