കൊല്ലം: നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു . കടയ്ക്കൽ പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയാണ് അറസ്റ്റിലായത്. നിരന്തരം അക്രമം നടത്തുന്ന യുവതിയാണ് അൻസിയ ബീവി എന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അൻസിയ ബീവിയെ അറസ്റ്റ് ചെയ്തത്.
പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തി വരികയായിരുന്നു അൻസിയ. നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിർത്തിയാൽ യുവതി വഴക്കുണ്ടാക്കുക പതിവായിരുന്നു. മുമ്പ് കത്തിയുമായി റോഡിലെത്തിയും യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
ഒരാഴ്ച മുമ്പ് പട്ടികജാതി വിഭാഗത്തിൽ പെൺകുട്ടിയെ നടുറോഡിലിട്ട് അൻസിയ മർദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്പി വടി കൊണ്ട് തല്ലിയൊടിച്ചു. പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം അൻസിയക്കെതിരെ നേരത്തെ തന്നെ കൊട്ടാരക്കര ഡിവൈഎസ്പി കേസെടുത്തിരുന്നു.
പിന്നാലെ യുവതി കൈ തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറായ വിജിത്തും പരാതി നൽകി. തുടർന്നാണ് ഇന്നലെ രാവിലെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം അൻസിയയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തുടർന്ന്, യുവതിയുടെ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.
Post Your Comments