കൊല്ലം: പട്ടാപ്പകൽ ടൗണിൽ വെച്ച് സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് പോലീസ്.
അടിപിടിയുടെ വീഡിയോ പകർത്തിയെന്നാരോപിച്ച് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവറുടെ ഇടതുകൈ തല്ലിയൊടിച്ച പാങ്ങലുകാട് സ്വദേശി അന്‍സിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ വിജിത്തിന്റെ കൈയ്യാണ് അൻസിയ തല്ലിയോടിച്ചത്. വിജിത്തിന്റെ പരാതിയെ തുടർന്നാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. സംഭവം നടക്കുമ്പോൾ വിജിത്ത് സ്ഥലത്തുണ്ടായിരുന്നു. തെറിയഭിഷേകവുമായി നടത്തിയ അടിപിടിയുടെ ദൃശ്യങ്ങൾ വിജിത്ത് തന്റെ മൊബൈലിൽ പകർത്തിയെന്നാണ് അൻസിയ ആരോപിക്കുന്നത്. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി.
എന്നാല്‍, വീഡിയോ എടുത്തിട്ടില്ലെന്ന് വിജിത്ത് എത്ര പറഞ്ഞിട്ടും ഇത് കേൾക്കാൻ അന്‍സിയ തയ്യാറായില്ല. കൈയ്യിൽ കമ്പിവടി അടക്കം കരുതിയായിരുന്നു അൻസിയ വിജിത്തിനെ കാണാനെത്തിയത്. വീഡിയോ പകർത്തിയില്ലെന്ന് പറഞ്ഞിട്ടും അൻസിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments