വളരെ അനുകൂല ഫലങ്ങള്‍ നേടിത്തരുന്നവയാണ് സരസ്വതി ദേവിയുടെ കവചമന്ത്രം. സർവ്വസിദ്ധികൾ ഉണ്ടാകാനും കവിത്വം ലഭിക്കാനും ഈ കവചം അതിവിശേഷമാണ്. ലക്ഷ്മി, മായാ സരസ്വതി, വഹ്നി എന്നിവർ ചേർന്നതാണ് ഈ മന്ത്രത്തിന്റെ സ്വരൂപം.
സരസ്വതീ മൂലമന്ത്രം
‘ശ്രീം ഹ്രീം സരസ്വതൈ സ്വാഹാം’
ഐതീഹ്യം
പുണ്യനദീയായ ഗംഗാതീരത്തു വച്ച് സാക്ഷാൽ നാരായണനാണ് കൽപവൃക്ഷസമമായ ഈ മന്ത്രം വാല്മീകിക്ക് ഉപദേശിച്ചു നൽകിയത്. പുഷ്കരതീർത്ഥത്തിൽ വച്ച് അമാവാസി ദിവസം ഭൃഗുമഹർഷി അത് കലിക്കുപദേശിച്ചു. വെളുത്തവാവിന്റെയന്ന് മരീചിമഹർഷി ദേവഗുരുവായ ബൃഹസ്പതിക്ക് ഈ സരസ്വതീ മന്ത്രം ഉപദേശിച്ചു. ബദരികാശ്രമത്തിൽ വച്ച് ബ്രഹ്മദേവൻ ഭൃഗുവിന് ഈ മന്ത്രം നൽകി. പാൽക്കടലോരത്ത് വച്ച് ജരത്കാരു ആസ്തീകനു വേണ്ടിയും, സുമേരുവിൽ വച്ച് വിഭാണ്ഡകൻ ഋശ്യശൃംഗനുവേണ്ടിയും ഈ മന്ത്രം ഉപദേശിച്ചു. ശിവൻ കണാദനും സൂര്യൻ യാജ്ഞവല്ക്യനും കാത്യായനനും ഈ മന്ത്രം നൽകി.
സുതലത്തിൽ മഹാബലിയുടെ സന്നിധിയിൽ വച്ച് ശേഷൻ ശാകടായനും പാണിനിക്കും ഭരദ്വാജനും ഈ മന്ത്രം നല്കി. ഈ മന്ത്രം നാലുലക്ഷം തവണ ആവർത്തിച്ചു ജപിച്ചാൽ മന്ത്രസിദ്ധിയുണ്ടാവും. അത് സാധകനെ ബൃഹസ്പതിക്ക് തുല്യനാക്കും. ശതാതപൻ, യാജ്ഞവൽക്യൻ, സംവർത്തൻ, വസിഷ്ഠൻ, പരാശരൻ, എന്നിവരെല്ലാം ഈ മന്ത്രത്തിന്റെ സിദ്ധിയാലാണ് ദിവ്യഗ്രന്ഥങ്ങൾ രചിച്ചത്. ഋശ്യശൃംഗൻ, ഭരദ്വാജൻ, ജൈഗീഷവ്യൻ, യയാതി,ആസ്തികന്, ദേവലൻ മുതലായവർക്ക് കീർത്തിയുണ്ടായത് ഈ കവചത്തിനാലാണ്. ഈ കവചത്തിന്റെ ഋഷി സാക്ഷാൽ പ്രജാപതിയും, ഛന്ദസ്സ് ബൃഹതിയും, ദേവത ശാരദാംബികയുമാണ്. സർവ്വസിദ്ധികൾ ഉണ്ടാകാൻ ഈ കവചം അതിവിശേഷമാണ്.
സരസ്വതി കവചം
‘ശ്രീം ഹ്രീം മായാ’ ബീജസ്വരൂപിണിയായ സരസ്വതീദേവി എന്റെ ശിരസ്സിനെയും
‘ശ്രീ’സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ.
ശ്രീം ഹ്രീം’ സ്വരൂപിണിയായ സരസ്വതീദേവി എന്റെ കാതുകളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ.
ഐം ഹ്രീം’ സ്വരൂപിണിയായ വാഗ്വാദിനി എന്റെ നാസികകളെ കാത്താലും.
‘ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ബ്രാഹ്മീദേവി എന്റെ പല്ലുകൾക്ക് സംരക്ഷയേകട്ടെ. ‘ഐം’ എന്ന ഏകാക്ഷര മന്ത്രം എന്റെ കണ്ഠത്തെ കാക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ലക്ഷ്മീദേവി എന്റെ കഴുത്തും ചുമലും രക്ഷിക്കട്ടെ. ‘ഓം ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാതൃദേവത എന്റെ വക്ഷസ്സിനെ കാക്കട്ടെ.
‘ഓം’ സ്വരൂപിണിയായ വിദ്യാധിരൂപിണി സ്വാഹാദേവി എന്റെ നാഭിയെ രക്ഷിക്കട്ടെ. ‘ഓം ഹ്രീം ക്ളീം’ സ്വരൂപിണിയായ വാണീദേവി എന്റെ കൈളെ രക്ഷിക്കട്ടെ.
‘ഓം’ സർവ്വവർണാത്മികേ ദേവീ എന്റെ കാലുകളെ സംരക്ഷിച്ചാലും.
‘ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും.
‘ഓം’ സ്വരൂപിണിയായി എല്ലാ കണ്ഠങ്ങളിലും കുടികൊള്ളുന്ന ദേവി എന്റെ കിഴക്കു ഭാഗവും സർവ്വജിഹ്വകളിലും ‘ഓം’കാരരൂപിണിയായി നിലകൊള്ളുന്ന ദേവി എന്റെ അഗ്നികോണും സംരക്ഷിക്കട്ടെ.
‘ഓം ഐം ഹ്രീം ക്ളീം സരസ്വത്യൈ ബുധജനന്യൈ സ്വാഹാ’ എന്ന മന്ത്രം എന്റെ തെക്കുവശത്ത് എനിക്ക് രക്ഷയേകട്ടെ.
‘ഓം ഹ്രീം ശ്രീം’ എന്ന ത്രൈക്ഷരം എന്റെ തെക്കുപടിഞ്ഞാറ് ദിക്കിലും
‘ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ.
‘ഓം’ സ്വരൂപിണിയായ സർവ്വാംബികാദേവി വായുകോണിലും ഗദ്യവാസിനിയായ ദേവി വടക്കുവശത്തും എനിക്ക് രക്ഷയായിരിക്കട്ടെ.
‘ഐം’കാര സ്വരൂപിണിയായ സർവ്വശാസ്ത്രവാസിനി ഈശാനകോണിലും
‘ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ.
‘ഹ്രീം’ സ്വരൂപിണിയായ പുസ്തകവാസിനി കീഴ്ഭാഗത്തിനും ഓങ്കാരരൂപിണിയായ ഗ്രന്ഥബീജസ്വരൂപ എല്ലാടവും എനിക്ക് രക്ഷയാകട്ടെ.
Post Your Comments