ലക്‌നൗ: ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റികളിലൊന്നായി അയോദ്ധ്യ മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വര്‍ഷത്തിനുള്ളിലാണ് ഈ മാറ്റം ഉണ്ടാകുക എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ഏറ്റവും മനോഹരമായ അയോദ്ധ്യ നഗരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ കാണാനാകും.
തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ജോലികള്‍ പൂര്‍ത്തിയാകുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തിയ യോഗി ആദിത്യനാഥ് അവലോകന യോഗം നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചും മുഖ്യമന്ത്രി ആരാഞ്ഞു.
അയോദ്ധ്യയില്‍ പണി നടക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പരിശോധിച്ചു. അയോദ്ധ്യ നഗരത്തിന്റെ വികസനത്തിനായി 32,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നിലവില്‍ നടപ്പിലാക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും ഇതിനോടകം 70 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments