Latest NewsKerala

ബിജെപിയോട് അയിത്തമില്ല, ഒപ്പം നില്‍ക്കും: ഗോവിന്ദനെ തള്ളി നിലപാടിലുറച്ച് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂർ: കേന്ദ്രം സഹായിച്ചാൽ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നും ബിഷപ്പ് പറഞ്ഞു. ബിജെപി സഹായിച്ചാല്‍ തിരിച്ച് സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ല. റബ്ബറിന്റെ പേരില്‍ കര്‍ഷകര്‍ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ബിജെപിയോട് അയിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സോഷ്യല്‍ എന്‍ജിനീയറിങ് കേരളത്തില്‍ നടപ്പാകില്ലെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

‘തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ല. ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നം. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള ശ്രമമാണ്.’

‘ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബിജെപിക്കാര്‍ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല’ എംവി ഗോവിന്ദന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button