ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. 24 ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എൻജിടിയിൽ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. ഇത്രയും തുക കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ വാദം കേട്ടതിനുശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 100 കോടി രൂപ ഇപ്പോൾ നൽകുക അപ്രായോഗികമാണ്. മാലിന്യം ഉറവിടത്തിൽ നിന്ന് തരം തിരിച്ച് ശേഖരിക്കണം, സംസ്കരിക്കണം എന്നിവയിൽ ഉണ്ടായ പരാജയമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കോർപ്പറേഷനെതിരായ നടപടി.
കൊച്ചി കോര്‍പ്പറേഷന്‍ 100 കോടി രൂപ പിഴയടയ്ക്കണം. ഈ തുക കേരള ചീഫ് സെക്രട്ടറിക്ക് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികള്‍ക്കും ഇത് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം.
സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. വായുവിലും ചുറ്റുമുള്ള ചതുപ്പുകളിലും മാരകമായ അളവില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്ന് നിരീക്ഷിച്ച ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖകരമായി പ്രവര്‍ത്തിക്കുന്ന ഒരു മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്കരണത്തില്‍ തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നും ഉത്തരവില്‍ വിമര്‍ശിക്കുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും ഓണ്‍ലൈന്‍ വഴി ട്രൈബ്യൂണലിന് മുന്നില്‍ ഹാജരായി. തീപിടിത്തത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്, ആവശ്യമെങ്കില്‍ 500 കോടി രൂപ പിഴ ഈടാക്കുമെന്നും ജസ്റ്റിസ് എ കെ ഗോയല്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസ്ഥാനം വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സമര്‍പ്പിച്ചിരുന്നു.
ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള ജൈവമാലിന്യത്തിന്‍റെ വരവ് കുറയ്ക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാല്‍ ട്രൈബ്യൂണലിന്‍റെ ഭാഗത്ത് നിന്ന് മറ്റൊരു കേസ് ഉണ്ടാകരുതെന്നും സംസ്ഥാനം അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Post Your Comments