KeralaLatest NewsNews

സ്വർണം പറയുന്നിടത്ത് എത്തിച്ചാൽ 40,000 രൂപ തരുമെന്ന് വാഗ്ദാനം: അന്വേഷണം ഊർജ്ജിതം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32) പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യുവതി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ് പിടിയിലായത്. 15 ദിവസം മുമ്പാണ് അസ്മാബീവി ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോയത്.

പറയുന്ന സ്ഥലത്ത് സ്വർണം എത്തിച്ചാൽ 40,000 രൂപയും വിമാനടിക്കറ്റുമാണ് യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇവർ മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളിൽ സമഗ്രാന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. അടിവസ്ത്രത്തിനുള്ളിൽവെച്ച് അതിവിദഗ്ധമായാണ് ഇവർ സ്വർണം കടത്താൻ ശ്രമം നടത്തിയത്. സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകളാണ് ഇവരിൽനിന്നു പിടികൂടിയത്.

പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി.എസ്.ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ കെ.പി.ധന്യ, ഹെഡ് ഹവൽദാർമാരായ ടി.എ.അലക്സ്, ലില്ലി തോമസ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button