95-ാം ഓസ്കര് നിശയിൽ മികച്ച ഗാനമായി ആർആർആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്കിയ ചന്ദ്രബോസ് എഴുതിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നേടി. അതേസമയം ഓസ്കറിൽ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി.
കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഷോർട്ട് ഫിലിം പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന് ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും.
ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഹാൾ ഔട്ട്, ഹൗ ഡു യു മെഷർ എ ഇയർ, ദ മാർത്ത മിച്ചൽ ഇഫക്റ്റ്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ് എന്നിവയ്ക്കൊപ്പമാണ് ദ എലിഫന്റ് വിസ്പറേഴ്സ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇവരുടെ പുരസ്കാര നേട്ടത്തോടെ ഓസ്കറിൽ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ.
സെന്‍സേഷണല്‍ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തേക്കുറിച്ചുള്ള ഓരോ പരാമര്‍ശത്തിലും കാണികളില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. തന്റെ സംസാരം തടസപ്പെടുമോ എന്ന് ദീപികയ്ക്ക് പോലും തോന്നിയ സമയം. ചെറുവിവരണത്തിന് പിന്നാലെ ഗാനവുമായി രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയും.
നൃത്തമാടാന്‍ അമേരിക്കന്‍ നര്‍ത്തകിയും നടിയുമായ ലോറന് ഗോട്ലീബും സംഘവും. നൃത്തം അവസാനിച്ചയുടന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കലാകാരന്മാരെ ഏവരും അഭിനന്ദിച്ചത്. ഒരു ഇന്ത്യന്‍ ഗാനത്തിന് ഒരു അന്താരാഷ്ട്രവേദിയില്‍ അടുത്ത കാലത്ത് കിട്ടുന്ന ഏറ്റവും മികച്ച പ്രതികരണവും ഇതുതന്നെയെന്ന് വിശേഷിപ്പിക്കാം. എം. എം. കീരവാണിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ അഭിമാനത്തേരിലേറിയാണ് നാട്ടു നാട്ടു ഓസ്കര് വേദിയിലുമെത്തിയത്.
Post Your Comments