തൃപ്പൂണിത്തുറ: 24 ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവതിയുടെ ബിഎംഎസ് വേദിയിലെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വനിതാ ദിനത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു സുജയയുടെ പ്രസംഗം. സ്ത്രീകൾ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് പറഞ്ഞ അവർ, ദിനംപ്രതി 47 സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും, അത് ഗുജറാത്തിലോ യുപിയിലോ അല്ലെന്നും ചൂണ്ടിക്കാട്ടി. ഇത് പറയുമ്പോൾ തന്നെ സംഘിയെന്ന് വിളിച്ചാല്‍ അഭിമാനമേയുള്ളു എന്നും സുജയ പാര്‍വതി പറഞ്ഞു.
അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ബിഎംഎസ് എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുജയ. നരേന്ദ്രമോദിയുടെ ഭരണകാലം ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതിനെ കുറിച്ച് സുജയ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്ത് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല എന്ന നിലപാട് താന്‍ എടുത്തുവെന്നും തന്റെ വിശ്വാസവും നിലപാടും അടിയറവ് വെയ്‌ക്കാന്‍ തയ്യാറല്ലെന്നും സുജയ പാര്‍വതി വ്യക്തമാക്കി.
അവരുടെ വാക്കുകൾ ഇങ്ങനെ,
‘പൊതുവെ ബിഎംസിന്റെ പരിപാടിയിലേയ്‌ക്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ വരുമ്പോള്‍ കേള്‍ക്കാറുള്ള ചോദ്യമാണ് സംഘിയാണോ എന്നത്. ബിഎംഎസിന്റെ വേദിയില്‍ പങ്കെടുക്കുന്നതു കൊണ്ട് സംഘിയാക്കുകയാണെങ്കില്‍ അക്കിക്കോട്ടെ. ബിഎംഎസ് എന്നു പറയുന്നത് സിഐടിയു പോലെയും എഐഎന്‍ടിയുസി പോലെയും ആദരിക്കപ്പെടേണ്ട, അതിനേക്കാള്‍ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്.
ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. അതിന് മുമ്പ് എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണം. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സമ്മേളനത്തില്‍ വന്നിരുന്ന് ഇങ്ങനെയൊക്കെ കേട്ട് കയ്യടിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ. നിങ്ങളെ ഒന്നിച്ച് ഇരുത്താന്‍ കഴിയുമായിരുന്നോ. ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തില്‍ തന്നെ മാറ്റം വരുത്തിയ ഒമ്ബത് വര്‍ഷങ്ങളാണ് കടന്നുപോയത്’.
‘കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. നമ്മുടെ സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഒരു സര്‍വ്വെ. ഞാന്‍ പറയുന്നത് യുപിയെ കുറിച്ചോ ഗുജറാത്തിനെ കുറിച്ചോ അല്ല. കേരളത്തെ കുറിച്ച് എത്രപേര്‍ക്ക് നിങ്ങളുടെ മുന്നില്‍ വന്ന് ഇതുപോലെ പറയാന്‍ സാധിക്കും. ഒരോ സംഭവം വരുമ്പോഴും തീപാറുന്ന ചര്‍ച്ചകള്‍ നടക്കും. പാര്‍ട്ടികളില്‍ ഉണ്ടാകുന്ന പരാതികള്‍ അത് പാര്‍ട്ടി കോടതികള്‍ അന്വേഷിക്കുന്ന കാലമാണ്.
എവിടെയാണ് കേരളത്തില്‍ സ്ത്രീസുരക്ഷ. ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല എന്ന നിലപാട് ഞാന്‍ എടുത്തു. അതിന്റെ പേരില്‍ തൊഴിലിടങ്ങളില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതെന്റെ നിലപാടാണ്, എന്റെ വിശ്വാസമാണ്. എന്റെ വിശ്വാസവും നിലപാടുകളും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു നേട്ടവും എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു’ എന്നും സുജയ പറഞ്ഞു.
Post Your Comments