തിരുവനന്തപുരം: തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ വിലയിരുത്തി.
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കാനും ജൈവ മാലിന്യ സംസ്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തിരമായി റിപ്പയര്‍ ചെയ്യാനും യോഗത്തിൽ ധാരണയായി. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും യോഗം അറിയിച്ചു.
പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും. ഇതിനായി മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, വീണ ജോര്‍ജ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ വിപി ജോയി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ വി വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ബി സന്ധ്യ, കളക്ടർ ഡോ രേണു രാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എയർഫോഴ്സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments