Latest NewsKeralaNews

ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളത് ഗോവിന്ദാ? കെ.എം ഷാജിയുടെ ചോദ്യം

നാട്ടാര് പ്രസംഗം കേള്‍ക്കാന്‍ വരാത്തതിന് മൈക്കിനെ കുറ്റം പറഞ്ഞിട്ടോ മൈക്ക് ഓപ്പറേറ്ററെ ചീത്ത വിളിച്ചിട്ടോ വല്ല കാര്യമുണ്ടോ? ഗോവിന്ദാ, ഒരു തൊഴിലാളിയല്ലേ അത്? എന്തൊരു ധിക്കാരം.. എന്തൊരു പുച്ഛം

കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രസംഗം. ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളതെന്ന് ഷാജി ചോദിച്ചു. ഗോവിന്ദന്‍ മാഷ് വിചാരിച്ചത് ആള്‍ക്കാര് കൂടുന്നത് മൈക്ക് നന്നായതു കൊണ്ടാണ് എന്നാണ്. മൈക്ക് നന്നായതു കൊണ്ടല്ല, പറയുന്നോനും അവന്റെ പാര്‍ട്ടിയും നല്ലതായതുകൊണ്ടാണ് കേള്‍ക്കാന്‍ ആളു കൂടുന്നത്. നിങ്ങള്‍ടെ പരിപാടിക്ക് ആളു വരാത്തതിന് മൈക്കിനെ മോശമാക്കിയിട്ട് വല്ല കാര്യവുമുണ്ടോയെന്നും ഷാജി ചോദിച്ചു.

Read Also; കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ

‘പിണറായി വിജയനു ശേഷവും സിപിഎമ്മില്‍ ഒരു പോക്കിരിയുണ്ടെന്ന് ഇതോടെ വ്യക്തമായെന്നും ഷാജി പരിഹസിച്ചു. നേരത്തെ, ജനകീയ പ്രതിരോധ ജാഥയുടെ തൃശൂര്‍ ജില്ലയിലെ പര്യടനത്തിനിടെ മാളയില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് ജാഥാ ക്യാപ്റ്റന്‍ കൂടിയായ ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. ‘നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നുള്‍പ്പെടെ ഗോവിന്ദന്‍ യുവാവിനോടു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്, മൈക്ക് ഓപ്പറേറ്ററോടുള്ള ഗോവിന്ദന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കെ.എം.ഷാജി രംഗത്തെത്തിയത്’.

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം..

‘ഇന്നലെയും ജാഥ ചര്‍ച്ചയായി. എന്താ കാര്യം? ഒരു മൈക്ക് ഓപ്പറേറ്റോട് ഗോവിന്ദന്റെ ഒരു ചൂടാകലുണ്ട്. പിണറായിക്കു ശേഷം സിപിഎമ്മില്‍ ആരാണ് അങ്ങനെയൊരു പോക്കിരി ഉള്ളത് എന്ന് ഞാന്‍ ആലോചിച്ചിരിക്കുകയായിരുന്നു. ഇന്നലെ എനിക്കു മനസ്സിലായി; ആളുണ്ട്! പോക്രിത്തരത്തിനൊക്കെ ആളുണ്ട്. ഗുണ്ടായിസത്തിനൊക്കെ ആളുണ്ട്. ഒരു സാധു. ഇതാ ഇവിടെയൊരു മൈക്ക് ഓപ്പറേറ്ററുണ്ട്. എല്ലായിടത്തും ഉണ്ടാകും. അവരുടെ പണിയാണത്. അവര്‍ തൊഴിലാളികളാണ്’.

‘ഒന്നുകില്‍ ഈ മൈക്കുമായി നടക്കുന്ന അതിന്റെ ഉടമസ്ഥനുണ്ടാകും. അവര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. കൊറോണയൊക്കെ വന്ന് പൂട്ടിപ്പോകലിന്റെ വക്കിലായിരുന്നു. അതെല്ലാം പിന്നിട്ട് അവര്‍ ഒരു ആശ്വാസത്തിലേക്കു വരികയാണ്. നേതാവു പ്രസംഗിച്ചപ്പോള്‍ ശബ്ദം കുറഞ്ഞു. നമ്മളൊക്കെ പ്രസംഗിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നു. ഇവിടെ നല്ല മൈക്കാണ്. ചില സ്ഥലത്തു പോയാല്‍ മൈക്ക് വളരെ മോശമായിരിക്കും’.

‘നമ്മള്‍ കുറേ പ്രസംഗിക്കും. ചുമയ്ക്കും. അതൊക്കെ കഴിഞ്ഞ് വീട്ടില്‍ ചെന്നിട്ട് ഒരു ഗ്ലാസില്‍ കുറച്ച് ഉപ്പിട്ടിട്ട് ചൂടുവെള്ളം ഒഴിച്ച് ഗാര്‍ഗിള്‍ ചെയ്യണം. അപ്പോള്‍ എല്ലാം മാറും. അത്രേയുള്ളൂ. അല്ലാതെ ആ പാവത്തിന്റെ മെക്കിട്ടു കേറീട്ട് കാര്യമുണ്ടോ? വല്ല കാര്യോമുണ്ടോ? അല്ലെങ്കിലും ഗോവിന്ദന്‍ മാഷേ, നാട്ടാര് പ്രസംഗം കേള്‍ക്കാന്‍ വരാത്തത് മൈക്ക് നന്നല്ലാത്തതുകൊണ്ടല്ല. ഇങ്ങള് ശരിയല്ലാത്തോണ്ടാണ്. അതല്ലേ നിങ്ങള്‍ മനസ്സിലാക്കേണ്ടത്? നാട്ടാര് പ്രസംഗം കേള്‍ക്കാന്‍ വരാത്തതിന് മൈക്കിനെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? ഒരു തൊഴിലാളിയല്ലേ അത്? നിങ്ങള്‍ തൊഴിലാളിപ്പാര്‍ട്ടിയല്ലേ? ആ ബോഡി ലാംഗ്വേജ് കണ്ടോ നിങ്ങള്? ചെറുപ്പക്കാരനായ ആ മൈക്ക് ഓപ്പറേറ്ററോട് പെരുമാറുന്ന രീതി? എന്തൊരു ധിക്കാരം. എന്തൊരു പുച്ഛം. അവരുടെ പണിയെടുത്തല്ലേ ജീവിക്കുന്നത്? ഔദാര്യമൊന്നുമല്ലല്ലോ?’

shortlink

Related Articles

Post Your Comments

Related Articles


Back to top button