കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിൻ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ മാസം മുതൽ സർവീസ് ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് പദ്ധതിക്ക്’ കീഴിൽ ആരംഭിച്ച ഭാരത് ഗൗരവ് ട്രെയിൻ മാർച്ച് 21 മുതലാണ് സർവീസ് നടത്തുക. ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.
ഒരേ സമയം 156 വിനോദസഞ്ചാരികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ഭാരത് ഗൗരവ് ഡ്യുലക്സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സർവീസ് നടത്തുന്നത്. ആദ്യ ദിനത്തിൽ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം, ഉമാനന്ദ ക്ഷേത്രം എന്നിവ സന്ദർശിക്കാനാകും. തുടർന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് യാത്ര. ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോവുക. 15 ദിവസത്തെ ടൂറിസ്റ്റ് പാക്കേജാണ്.
ട്രെയിനിനുള്ളിൽ സിസിടിവി ക്യാമറകൾ അടക്കമുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രത്യേക സുരക്ഷ ഗാര്‍ഡിന്റെ സേവനവും ലഭ്യമാണ്. ട്രെയിനിലെ യാത്ര, താമസസൗകര്യം, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കുക. എസി 2 ടയറിലെ യാത്രയ്‌ക്ക് ടിക്കറ്റ് നിരക്ക് 1,06,990 രൂപയാണ്. എസി 1 ക്യാമ്പിനിലെ യാത്രയ്‌ക്ക് ഒരാൾക്ക് 1,31,990 രൂപയും, എസി 1 കൂപ്പിൽ 1,49,290 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Post Your Comments